കോതമംഗലം: മുന്‍കൂട്ടി അറിയിച്ച് എത്തിയിട്ടും സന്ദര്‍ശകര്‍ക്ക് ഭൂതത്താന്‍കെട്ട് വനമേഖലയില്‍ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കാണ് ദുരനുഭവം. പ്രകൃതിസൗഹൃദ പഠനയാത്രയുടെ ഭാഗമായി ശനിയാഴ്ച ഭൂതത്താന്കെട്ടില് എത്തിയ സംഘത്തിന് വനമേഖലയിലേക്ക് പ്രവേശനം നിഷേധിക്കുകയും, അകത്തേക്ക് കടത്തിവിടാതെ ടിക്കറ്റ് കൗണ്ടറിന് മുന്പില് തടഞ്ഞുനിര്‍ത്തുകയും ചെയ്തെന്നാണ് പരാതി.
വൈകിട്ട് 3.45ന് ഭൂതത്താന്‍കെട്ട് ബറാജിലെത്തിയ ഇവരെ വനത്തിനുള്ളിലേക്ക് പ്രവേശനം ക്ലോസ് ചെയ്തെന്നു പറഞ്ഞ് ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരി തടഞ്ഞു. ഭാരവാഹികള്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറില്‍ ചെന്നെങ്കിലും സംഘാംഗങ്ങളെ കണ്ടാല്‍ മാത്രമേ പാസ് തരികയുള്ളൂവെന്ന് ജീവനക്കാര്‍ അറിയിച്ചു. സംഘാംഗങ്ങളെ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് വിളിച്ചുവരുത്തിയതോടെ സമയം 4 കഴിഞ്ഞെന്നും ഇനി ടിക്കറ്റ് തരാനാകില്ലെന്നും പറഞ്ഞ് അവഹേളിച്ചു.
ഇതേസമയം അവിടെയെത്തിയ മറ്റു 3 ഗ്രൂപ്പുകള്‍ക്ക് പ്രവേശനാനുമതി നല്‍കുകയും ചെയ്തു. ഒപ്പം മറ്റൊരു ദമ്പതികള്‍ക്കും ടിക്കറ്റ് നല്കി. വിവരം വനംമന്ത്രിയെ ഫോണില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്കി.






















































