കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും ഒരുപോലെ സമ്മാനിക്കുന്ന ഗാഗ് ഫ്രൂട്ട് ചെടികളാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. കായ്കള്‍ നിറഞ്ഞ പന്തല്‍, കണ്ണിന് കുളിര്‍മയേകുന്ന വര്‍ണവൈവിധ്യം, പ്രകൃതിയുടെ കൗതുകക്കാഴ്ചകള്‍ക്ക് അതിരുകളില്ലെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. കോതമംഗലത്ത് മലയിന്‍കീഴ്, പീലേക്കാവിന് സമീപം താമസിക്കുന്ന കവളമായ്ക്കല്‍ ക്ലീറ്റസിന്റെ വീട്ടുമുറ്റത്താണ് ഗാഗ് ഫ്രൂട്ട് വസന്തം തീര്‍ക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് ക്ലീറ്റസ് ഗാഗ് ഫ്രൂട്ട് ചെടികള്‍ നട്ടത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വീട്ടുമുറ്റത്തെ പ്രധാന ആകര്‍ഷണമായി ഇവ മാറി. പടര്‍ന്നുവളരുന്ന ചെടികള്‍ക്ക് പന്തലൊരുക്കിയതോടെ മുറ്റമാകെ തണല്‍ വിരിച്ച പച്ചപ്പിന്റെ ഇടമായി മാറി.ഇലകള്‍ കൊഴിഞ്ഞുവീണ് മുറ്റം വൃത്തികേടാക്കാത്ത ചെടിയെന്ന പ്രത്യേകതയും ഗാഗ് ഫ്രൂട്ടിനുണ്ടെന്നാണ് ക്ലീറ്റസ് പറയുന്നത്. നിറയെ പഴങ്ങള്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ച മനസ്സിന് വലിയ സന്തോഷവും കുളിര്‍മയും പകരുന്നു. തിരക്കുകള്‍ക്കിടയില്‍ വീട്ടുമുറ്റത്ത് അല്‍പ്പനേരം ചെലവഴിക്കുമ്പോള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കാന്‍ കഴിയുന്ന അനുഭവം കൂടിയാണിത്.
വീട്ടുമുറ്റത്ത് ഒരു ചെടി വളര്‍ത്തിയാല്‍ അത് തണലും ഭംഗിയും മാത്രമല്ല, കൗതുകം നിറഞ്ഞ കാഴ്ചകളും സമ്മാനിക്കുമെന്ന് തെളിയിക്കുകയാണ് ക്ലീറ്റസിന്റെ ഗാഗ് ഫ്രൂട്ട് പന്തല്‍. വ്യത്യസ്ത നിറങ്ങളില്‍ കായ്കള്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ വീടിന്റെ മുറ്റം തന്നെ ഒരു കൊച്ചുപഴത്തോട്ടമായി മാറുന്നു. പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് വീട്ടുപരിസരത്ത് പരീക്ഷിച്ചുനോക്കാവുന്ന ഒരു കൃഷിയാണിത്. പച്ചപ്പിനൊപ്പം വര്‍ണങ്ങളും വിരിയുന്ന ഈ ഗാഗ് ഫ്രൂട്ട് പന്തല്‍ കാണുന്നവരില്‍ സന്തോഷം നിറയ്ക്കുകയാണ്.

















































