കോതമംഗലം: ചരിത്രപ്രസിദ്ധമായ പഴയ ആലുവ മൂന്നാര്‍ രാജപാത വീണ്ടെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് ആലുവമൂന്നാര്‍ രാജപാത ഡെവലപ്മെന്റ് കൗണ്‍സില്‍ ആരോപിച്ചു. രാജപാത തുറന്നുകൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, മറിച്ച് പൊതുജനങ്ങളുടെ അവകാശമാണെന്നും പാതയിലെ വനംവകുപ്പിന്റെ തടസ്സവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ വാര്ത്താസമ്മേളനത്തില്ലൂടെ ആവശ്യപ്പെട്ടു.
പഴയ ആലുവ മൂന്നാര്‍ റോഡിന് 1980-ലെ കേന്ദ്ര വനസംരക്ഷണ നിയമം ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ അന്തിമ പരിഗണനയിലാണ്. പാതയുടെ യഥാര്‍ത്ഥ അവസ്ഥ പരിശോധിക്കാന്‍ അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യവും കോടതിക്ക് മുന്നിലുണ്ട്.റോഡ് സംയുക്തമായി സര്‍വേ ചെയ്യാന്‍ വനം, പിഡബ്ല്യുഡി, റവന്യൂ വകുപ്പുകള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വനംവകുപ്പ് ഇതിനോട് പൂര്‍ണമായി നിസ്സഹകരിക്കുകയായിരുന്നു.
1919-ലെ തിരുവിതാംകൂര്‍ ഗസറ്റ് പ്രകാരം വെസ്റ്റേണ്‍ ഔട്ട്ലെറ്റ് റോഡ് എന്നറിയപ്പെട്ടിരുന്ന ഈ പാത മലയാറ്റൂര്‍ വനത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി പിഡബ്ല്യുഡിക്ക് കൈമാറിയതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
വകുപ്പുതല തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ഹൈലെവല്‍ വിദഗ്ദ്ധ സമിതിയില്‍ റവന്യൂ, പിഡബ്ല്യുഡി വകുപ്പുകള്‍ റോഡ് തുറക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്ന് അറിയിച്ച സമിതി തുടര്‍നടപടികള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലത്ത് അനുകൂല നിലപാട് പ്രഖ്യാപിച്ച ജനപ്രതിനിധികള്‍ ഇപ്പോള്‍ വാക്കുമാറുകയാണെന്നും കൗണ്‍സില്‍ ആരോപിച്ചു. പ്രശ്നപരിഹാരത്തിനെന്ന പേരില്‍ വനംമന്ത്രി നടത്തിയ സന്ദര്‍ശനം പ്രഹസനമായി മാറി. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത വകുപ്പുതല യോഗം ഇതുവരെ വിളിച്ചുചേര്‍ത്തിട്ടില്ല. മുന്‍പ് പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്ന കോതമംഗലം എംഎല്‍എ ഇപ്പോള്‍ നല്കിയ ഉറപ്പുകള്‍ വിസ്മരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി സംയുക്ത യോഗം വിളിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാകണം. പാത ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ആലുവ മൂന്നാര്‍ രാജപാത ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.


















































