കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും കൈമാറി.ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനോടൊപ്പം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന പുന്നേക്കാട് ഫോറെസ്റ്റ് സ്റ്റേഷനുംകൂടി മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എസ്റിമേറ്റ് അടിയന്തിരമായി സമർപ്പിക്കാൻ ഷിബു തെക്കുംപുറം എംഎൽഎ കോതമംഗലം ഡി എഫ് ഒ ക്ക് നിർദ്ദേശവും നൽകി.
മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുവശങ്ങളിലും വളവുകളായ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് നിലവിലെ തട്ടേക്കാട് ചെക്ക് പോസ്റ്റ്. അപകട സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്ന ചെക്ക് പോസ്റ്റിൻ്റെ ഇരുമ്പ് ക്രോസ് ബാറിൽ കഴിഞ്ഞ മാസം ബൈക്ക് യാത്രികൻ തലയിടിച്ച് മറിഞ്ഞ് മരണപ്പെട്ടിരുന്നു.ചുരുളി സ്വദേശി മോൻസി ജോർജ്ജ് (49) ആണ് മരിച്ചത്. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ദീപികയുൾപ്പെടെയുള്ള പത്രങ്ങൾ ഇവിടത്തെ അപകട സാഹചര്യം ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പ്രശ്നത്തിൻ്റെ ഗൗരവം പൊതു ശ്രദ്ധയാകൃഷിക്കുകയും ഷിബു തെക്കുപുറം എംഎൽഎ പ്രശ്നത്തിൽ ഇടപെടുകയും വനം മന്ത്രിക്ക് കാര്യങ്ങൾ വ്യക്തമാക്കി കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അടിയന്തിര ഉത്തരവായത്.
തട്ടേക്കാട് ചെക്ക് പോസ്റ്റ് വന്യമൃഗ ശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്റ്റേഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് 2025 ൽ ഫാർമേഴ്സ് ആവയർനെസ്സ് റിവൈവൽ മൂവ്മെന്റ് (ഫാം) മുൻ ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സർക്കാർ മുഖവിലക്കെടുത്തില്ല. നിലവിൽ തട്ടേക്കാടുള്ള ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള കുമ്പുഴ റയിഞ്ചിന് കീഴിൽ കൂവപ്പാറ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസ് ജീവനക്കാരാണ്.
ഈ ചെക്ക് പോസ്റ്റ് പുന്നെക്കാട് മാവിൻഞ്ചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പുന്നെക്കാട് ഫോറസ്റ്റ് ഓഫീസിൻറ്റെ നിയന്ത്രണത്തിൽ വരുകയും, പ്ലാൻറ്റേഷനിലെ കാട്ടാന ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനുമാകും. കൂടാതെ കൂവപ്പാറ സ്റ്റേഷനിൽ അധികം വരുന്ന ജീവനക്കാരെ പൂയംകുട്ടി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യാമെന്ന നിർദ്ദേശം വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്തിട്ടുണ്ട്. വനം മന്ത്രിയുടെ നിർദ്ദേശപ്രകാരം മലയാറ്റൂർ ഡി എഫ് ഒ തൃശ്ശൂർ സർക്കിൽ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ചീഫ് കോൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (മാനേജ്മെൻറ്റ്) ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതോടെ പുന്നെക്കാട് പ്ലാൻറ്റേക്ഷണിലൂടെ യാത്ര യാത്രചെയ്യുന്നവർക്ക് വന്യ ജീവി ശല്യവും, കീരംപാറ പഞ്ചായത്തിലെ വന്യമൃഗ ശല്യവും ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.



















































