കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ നൂറുദിനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു. അധികാരമേറ്റതിന് പിന്നാലെ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതി, ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള തൂഫാന്‍ പദ്ധതി തുടങ്ങിയവ സര്‍ക്കാരിന്റെ പ്രധാന ഇടപെടലുകളാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന ക്ഷേമപെന്‍ഷന്‍ വിതരണത്തിലും സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാനും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും കഴിഞ്ഞത് വലിയ നേട്ടമാണ്. ഓണക്കാലം ജനങ്ങള്‍ക്ക് അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാനുള്ള സാഹചര്യം ഒരുക്കാനും സര്‍ക്കാരിന് സാധിച്ചതായി എംഎല്‍എ പറഞ്ഞു.
നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബോബന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.ജി. ജോര്‍ജ്ജ്, യുഡിഎഫ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീര്‍ പനക്കന്‍, ബാബു ഏലിയാസ്, കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം കെ.പി. ബാബു, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കവല, പി.കെ. മൊയ്തു, പി.എം. സക്കറിയ, ഡിസിസി സെക്രട്ടറിമാരായ അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, ജേക്കബ് ഗ്രൂപ്പ് നേതാക്കളായ ഇ.എം. മൈക്കിള്‍, മാത്യു ജോസഫ്, ആര്‍എസ്പി നേതാവ് എ.സി. രാജശേഖരന്‍, വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, യു.ഡി.എഫ് നേതാക്കള്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





















































