കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും ഒരുപോലെ വലയ്ക്കുകയാണ്. വീൽചെയറിലോ സ്ട്രെച്ചറിലോ എത്തുന്ന രോഗികളെ മുകളിലെത്തിക്കാൻ മൂന്നിലധികം പേരുടെ സഹായം വേണമെന്നതാണ് നിലവിലെ അവസ്ഥ.
യാത്രാക്ലേശത്തിന് പുറമെ പരിസരത്തെ ശുചിത്വമില്ലായ്മയും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മാസങ്ങളായി കെട്ടിട നിർമ്മാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് രോഗികൾക്ക് തടസ്സമാകുന്നു. മഴ പെയ്താൽ മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ചെളി രൂപപ്പെടുന്നതും വയോധികരടക്കമുള്ളവർ വഴുതിവീഴാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും മോശം സാഹചര്യമാണ് എക്സ്റേ വാർഡ് പരിസരത്തുള്ളതെന്ന് രോഗികൾ പരാതിപ്പെടുന്നു.



















































