കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്തുനിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ കുടുംബശ്രീ യോഗത്തിനുപോയ സ്ത്രീകളാണ് ആനന്ദംകുടി എന്‍ആര്‍ ഭവനില്‍ സുഷമ രഘുവിന്റെ പറമ്പിലായി 16 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. റോഡില്‍നിന്നും പറമ്പിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ട് ആദ്യം ഇവര്‍ ഭയന്നോടി. പിന്നീടാണ് വീടിനോടുചേര്‍ന്നുള്ള കൊക്കോമരത്തിലേക്ക് പാമ്പ് കയറിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഉരുളന്‍തണ്ണിയില്‍നിന്ന് ആര്‍ആര്‍ടി ടീമിലെ എം.കെ. ഷൈന്‍കുമാര്‍ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. മരത്തില്‍നിന്നും താഴേക്കു വീണ രാജവെമ്പാലയെ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് ആവറുകുട്ടി ഉള്‍വനത്തില്‍ തുറന്നുവിട്ടു.






















































