കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ് (43), കോട്ടയം പണായില്‍ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതഭവന്‍ ജിമ്മി ശശിധരന്‍ (46), കോട്ടയം അപ്പോളിന്‍ കെസിയ ടി. മീന (25), ബസ് കണ്ടക്ടര്‍ കൊല്ലം രഞ്ജുഭവന്‍ മദുസൂദനന്‍ പിള്ള (46), ഡ്രൈവര്‍ തൊടുപുഴ ചൂരവേലില്‍ സി.എ. ലത്തിഫ് (42) എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും ഏറ്റുമാനൂര്‍ കുഴിക്കാട്ടില്‍ ഷാലി ബാബുവിനെ (54) കോതമംലം സെന്റ് ജോസഫ് (ധര്‍മ്മഗിരി) ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജോബിക ജോയിയെ (33) കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രുഷനല്‍കിയ ശേഷം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നാറില്‍നിന്നു അടൂരിന് പോകുകയായിരുന്ന ബസാണ് വാളറ ആറാംമൈലിന് സമീപത്ത് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ബസ് മരത്തില്‍ തങ്ങിനിന്നതിനാല്‍ കൂടുതല്‍ താഴേക്ക് പതിക്കുന്നത് ഒഴിവായി. അപകടം നടന്ന ഉടനെ പ്രദേശവാസികളുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ യാത്രക്കാരെ പുറത്തെത്തിച്ചു. വളവോടു കൂടിയ ഇറക്കത്തില്‍ എതിരെ വന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറിയതാണ് അപകട കാരണമെന്ന് കോതമംഗലത്ത് ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി സി.എ. ലത്തിഫ് പറഞ്ഞു.