കവളങ്ങാട് :കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു. എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍ ജില്ല കളക്ടറുമാരുടെ ഉത്തരവുണ്ടായിട്ടും അപകട ഭീഷണി ഉയര്‍ത്തി റോഡിലേക്ക് ചെരിഞ്ഞ് നില്ക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാന്‍ നടപടിയില്ല. കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഇരുവശത്തും ഒട്ടേറെ മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മറ്റ് മരങ്ങള്‍ മുറിച്ച് നീക്കിയപ്പോളും ഏത് നിമിഷവും നിലംപൊത്താവുന്ന തരത്തിലുള്ള മരങ്ങള്‍ നീക്കം ചെയ്തില്ലെന്നാണ് ആക്ഷേപം. കോതമംഗലം മുതൽ നെല്ലിമറ്റം, ഊന്നുകൽ, തലക്കോട്, നേര്യമംഗലം, ആറാം മൈൽ, പത്താം മൈൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ചില മരങ്ങൾ ഏത് നിമിഷവും കടപുഴുകി വീണേക്കാം -നെല്ലിമറ്റം കോളനിപ്പടിയിൽ ദേശീയ പാതയോരത്ത് നിന്ന ഭീമൻമരം കനത്ത മഴയിൽ കട പുഴുകി സ്ക്കൂൾ ബസ്സിനു മുകളിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികൾ മരിച്ച സംഭവത്തിൻ്റെ നടുക്കം വിട്ടു മാറിയിട്ടില്ല ഇനിയും .
വിനോദ സഞ്ചാരികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഇരുവശത്തുമാണ് ഉണങ്ങി ദ്രവിച്ച് നിലം പൊത്താറായ ഈ മരങ്ങൾ. ഇവയിലൊന്ന് പോലും മുറിച്ച് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ അപകടങ്ങൾക്ക് വഴിയൊരുക്കാവുന്ന തരത്തിൽ റോഡരികിൽ നിൽകുന്ന വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ & ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) കോതമംഗലം നിയോജക മണ്ഡലം ഭാരവാഹി നേതൃയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. പി.കെ.സോമൻ, തോമസ് കാവുംപുറത്ത്, എന്നിവർ സംസാരിച്ചു.
ഫോട്ടോ: നെല്ലിമറ്റം ടൗണിൽ വില്ലേജാഫിസിന് മുന്നിലായി ഏത് സമയത്തും നിലംപൊത്താവുന്ന നിലയിൽ ദേശീയ പാതയോരത്ത് ഭീക്ഷണിയായി നിൽക്കുന്ന ഭീമൻമരം.