കുട്ടമ്പുഴ : പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനൻ്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരിച്ച് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പോലീസിന് പരാതി നൽകിയിരുന്നു. മഹേഷിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.
ഇന്ന് ഉച്ചക്ക് കുളിക്കാനായി പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിൻ്റെ മൃതദേഹം പുഴക്ക് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് വീട്ടുകാരുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലുവ ബി ആർ സി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മഹേഷ്. നാഗമ്മയുടേയും – മോഹനൻ്റേയും ഏകമകനാണ്.