കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ എന്നിവയാണ് ആസ്ത്രേലിയ, ന്യൂസിലാന്റ്, അമേരിക്ക, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
സഹകരണ മേഖലയിൽ പതിനായിരം പേർക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 21000 പേർക്ക് തൊഴിൽ നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി ആർ സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, കോക്കനട്ട് ഡവലപ്മെന്റ് ബോർഡംഗം കെ എസ് സെബാസ്റ്റിയൻ, സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ, സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, മുഹമ്മദ് ഷെരീഫ്, കെ സി അയ്യപ്പൻ, എം കെ മനോജ് കുമാർ, കെ കെ സജീവ്, എം പി വർഗീസ് എന്നിവർ സംസാരിച്ചു.