കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു.
പോത്താനിക്കാട്, ആയവന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശവും ധാരാളം പ്ലൈവുഡ് കമ്പനികളും പ്രവർത്തിക്കുന്ന ഇവിടെ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവിടെയ്ക്ക് മാറ്റിയത്.ഷാപ്പ് പ്രവർത്തനം ആരംഭിക്കുന്നതോടെ സമീപവാസികളുടെ സ്വൈര്യ ജീവിതം താറുമാറാകുന്ന സ്ഥിതി കണക്കിലെടുത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
ജൂൺ 23ന് ഇവിടെ കള്ള്ഇറക്കാൻ തുടങ്ങിയതോടെയാണ് കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ച വിവരം നാട്ടുകാരും വീട്ടുടമസ്ഥനും അറിയുന്നത്.വൃദ്ധനെ സമീപിച്ച് വീട് താമസത്തിന് എന്ന പേരിൽ വാടകയ്ക്ക് എടുത്താണ് ഷാപ്പ് ആരംഭിച്ചതെന്ന് ഉടമ അറിയിച്ചതോടെ പഞ്ചായത്ത് അംഗം ഉമൈബ അഷ്‌റഫ് പഞ്ചായത്തിൽ വിഷയം അവതരിപ്പിക്കുകയും പ്രസിഡന്റ് സംഗീത പ്രതീഷ് വിഷയത്തിൽ ഇടപെടുകയും ചെയ്തു.പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് ഷാപ്പ് മാറ്റം നടന്നത്.
താമസത്തിനു മാത്രം അനുമതിയുള്ള വീട് വാണിജ്യ അടിസ്ഥാനത്തിലുള്ള കെട്ടിടമായി പരിഗണിയ്ക്കാൻ കഴിയില്ല എന്ന് പഞ്ചായത്ത് നിലപാട് അറിയിക്കുകയും ജീർണാവസ്ഥയിലുള്ള ഈ കെട്ടിടത്തിൽ കള്ളുഷാപ്പ് പ്രവർത്തിയ്ക്കുന്നതും അപകടമാണെന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു.
ഇതിനിടയിൽ പ്രതിഷേധത്തെ മറികടക്കാൻ പൊലീസ് സംരക്ഷണത്തിൽ കള്ള് ഇറക്കുന്നതിന് കോടതിയിൽ നിന്ന് അനുമതി നേടുകയും സ്ഥല ഉടമ വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഉത്തരവ് ഷാപ്പ് ഉടമകൾ കരസ്ഥമാക്കുകയും ചെയ്തു.പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഇതോടെ വീട്ടുടമയുടെ നേതൃത്വത്തിൽ ഷാപ്പിന് മുന്നിൽ സമരം ആരംഭിക്കുകയും ചെയ്തു.എക്‌സൈസ് വകുപ്പ് കെട്ടിടം പരിശോധിയ്ക്കാതെയാണ് പ്രവർത്തന അനുമതി കൊടുത്തു എന്ന് സമരക്കാർ ആരോപിക്കുന്നത്.
അനധികൃത ഷാപ്പ് പൂട്ടിച്ച്, വീട്ടുടമ കയ്ക്കും നാട്ടുകാർക്കും നീതിലഭ്യമാക്കും: എംഎൽഎ.
വിഷയം എക്സൈസ് മന്ത്രി
എം. ലിജുവിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും
അനധികൃത ഷാപ്പ് പൂട്ടിച്ച്, വീട്ടുടമ
അയ്യപ്പനും നാട്ടുകാർക്കും നീതി ലഭ്യമാക്കുമെന്നും
സമരപന്തൽ സന്ദർശിച്ച ഷിബു തെക്കുംപുറം എം.എൽ.എ
പറഞ്ഞു. സമരത്തിന് ഐക്യദാർഡ്യം അറിയിക്കുകയും ചെയ്തു.


















































