മൂവാറ്റുപുഴ: പുതുതായി നിർമ്മിച്ച മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. മൂവാറ്റുപുഴയില്‍ നടന്ന ചടങ്ങിൽ എം.എൽ.എ അഡ്വ.മാത്യു കുഴല്നാടന്, മുന്‍സിപ്പല്‍ വാര്‍ഡ് കൗൺസിലർ രാജശ്രീ രാജു, എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എ.എസ്.പി അനൂജ് പലിവാല്‍, മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ സി.ജെ.മാര്ട്ടിന്, തുടങ്ങിയവർ പങ്കെടുത്തു. രണ്ടു നിലകളിലായി 845 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഷനില്‍ പ്രത്യേക വിസിറ്റേഴ്സ് റൂം, ക്യാന്റീൻ, ഉദ്യോഗസ്ഥർക്ക് വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നലിംഗക്കാർ എന്നിവർക്ക് പ്രത്യക സെല്ലുകൾ സ്റ്റേഷന്റെ പ്രത്യേകതയാണ്. 2 കോടി 95 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് ചിലവായത്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ആധുനിക രീതിയിൽ പണികഴിപ്പിച്ച ഈ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് എസ്.പി കാർത്തിക് പറഞ്ഞു.