തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ റണ്ണേഴ്സ് അപ്പായി.
895 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിര്‍മല ഓവറോള്‍ കരസ്ഥമാക്കിയത്. ശക്തമായ മത്സരം കാഴ്ച വച്ച വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ 840 പോയിന്റാണ് നേടിയത്.
കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂള്‍ 649 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ 616 പോയിന്റുമായി തൊട്ടുപിന്നിലെത്തി. കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍ 616 പോയിന്റും വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍. കടനാട് മാര്‍ ഗ്രീഗോറിയോസ് പബ്ലിക് സ്കൂള്‍ എന്നിവര്‍ 568 പോയിന്റും തൊടുപുഴ ഡിപോള്‍ പബ്ലിക് സ്കൂള്‍ 560 പോയിന്റുമായി വാശിയേറിയ മത്സരമാണ് കാഴ്ച വച്ചത്. 79 സ്കൂളുകളില്‍ നിന്നായി 5000 ഓളം വിദ്യാര്‍ത്ഥികള്‍ 16 സ്റ്റേജുകളില്‍ നടന്ന മത്സരത്തില്‍ മാറ്റുരച്ചു.



















































