കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ ഊന്നുകൽ പൊലീസിന് പരാതി നൽകി . ഒരു വർഷത്തിലധികമായി പ്രദേശത്തു തന്നെയുള്ള ചില സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു പൊള്ളിച്ചു വരികയാണെന്ന് പരാതിക്കാർ പറഞ്ഞു. പൊള്ളലേറ്റ പശുക്കൾ ഉൾപ്പെടെ ചത്തു. നിരവധി കന്നുകാലികളെ കാണാതായി.
കൃഷിയും കന്നുകാലി വളർത്തലും തൊഴിലാക്കിയവരാണ് തങ്ങളെന്നും സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തി മൂലം തങ്ങളുടെ ഉപജീവന മാർഗ്ഗം അടഞ്ഞെന്നും പ്രദേശവാസികൾ പറഞ്ഞു. നേരത്തെ ഊന്നുകൽ പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാനായില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും കന്നുകാലികൾക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം ഉണ്ടായതോടെയാണ് നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്. അടിയന്തിരമായി പ്രതികളെ പിടികൂടി ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.