കോതമംഗലം : ആനവാൽ മോതിരം ഉണ്ടാക്കുവാനായി ചെരിഞ്ഞ കാട്ടാനയുടെ രോമം എടുത്ത യുവാവിനെതിരെ നടപടി. കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ രോമം പിഴുതെടുത്ത മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെയാണ് മേക്കപ്പാല വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി പിടികൂടിയത്. യുവാവ് രോമം പിഴുതെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടുകൂടിയാണ് വനം വകുപ്പ് കേസ് എടുത്തത്.
ആശാരിപ്പണിക്കാരനായ ബിജുവിന്റെ ബാഗിൽ നിന്നും നാല് ആനവാൽ രോമം കണ്ടെത്തുകയായിരുന്നു. വന്യജീവികളുടെ ശരീരഭാഗങ്ങൾ അനധികൃതമായി കൈവശം വെച്ചതിന് ആണ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.