കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍ നിന്നും പുഴനീന്തി വരുന്ന കാട്ടാനകള്‍ പുന്നേക്കാട് പ്ലാന്റേഷനില്‍ തമ്പടിച്ച് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ സ്ഥിരം നാശം വരുത്തുന്നു.
കാട്ടാനപ്പേടികൊണ്ട് സന്ധ്യമയങ്ങിയാല്‍ ഒരു നാട് മുഴുവന്‍ പുറത്തിറങ്ങാനാവാതെ വീട്ടുതടങ്കലിലാണ്. പകലും രാത്രിയും വ്യത്യാസമില്ലാതെ പുന്നെക്കാട് – തട്ടേക്കാട് റോഡില്‍ കാട്ടാനക്കൂട്ടം ഏത് സമയവും റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമാണുള്ളത്. വാഹനയാത്രക്കാരോ കാല്‍നടക്കാരോ കുട്ടിയാന യടക്കമുള്ള ആനകൂട്ടങ്ങള്ക്ക് മുന്നില്പ്പെട്ടാന് ദുരന്തങ്ങള്‍ക്കും ഇടയായേക്കാം.
14 ഉന്നതികളിലായി അയ്യായിരത്തോളം ആദിവാസികള്‍ അടക്കം ഇരുപത്തയ്യായിരത്തോളം ജനങ്ങള്‍ക്ക് കുട്ടമ്പുഴ പഞ്ചായത്തിലേക്ക് കടക്കുന്നതിനുള്ള ഏക മാര്‍ഗമാണ് പുന്നേക്കാട് – തട്ടേക്കാട് പ്ലാന്റേഷനില്കൂടിയുള്ള റോഡ്. ഈ റോഡിലാണ് നാളുകളായി കാട്ടാനകള്‍ രാത്രിയും പകലുമില്ലാതെ വഴിമുടക്കികളാകുന്നത്.
ആര്‍ആര്‍ടി വാഹനം ഇടയ്ക്കുവന്ന് ഓലപ്പടക്കം പൊട്ടിച്ചിട്ട് പോകും. കാട്ടാനകള്‍ കീരംപാറ പഞ്ചായത്തിലെ ജനവാസമേഖലയില്‍ ഇറങ്ങി ദിവസവും വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.കേരളാ പോലീസ് അസോസിയേഷനാണ് ഫെന്‍സിംഗ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ എടുത്തത്. അവര്‍ മറ്റൊരു സ്വകാര്യ വ്യക്തിക്ക് സബ് കോണ്‍ട്രാക്ട് കൊടുത്തു. ഇതുവരെ ആകെ നിര്‍മാണം പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രമാണ്. അതും ഗുണനിലവാരമില്ലാത്ത മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെന്നും ആക്ഷേപമുണ്ട്.
3.2 കി.മി ഫെന്‍സിംഗിലും കാട്ടാനകള്‍ മരം തള്ളിയിട്ടതിനാല്‍ നിലവില്‍ പ്രവര്‍ത്തനക്ഷമവുമല്ല. മലയാറ്റൂരില്‍നിന്നും പുഴനീന്തി കടന്നുവരുന്ന കാട്ടാനകളെ തുരത്താന്‍ സ്ഥിര സംവിധാനങ്ങളുമില്ല. ഇടയ്ക്കിടെ ജപ്രതിനിധികളും നാട്ടുകാരും സമ്മര്‍ദം ചെലുത്തുമ്പോള്‍ പുന്നേക്കാട് പ്ലാന്റേഷനില്‍ തമ്പടിക്കുന്ന കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തി പുഴകടത്തിവിടുനന്തും ആനകള്‍ അധികം വൈകാതെ വീണ്ടും തിരിച്ചെത്തുന്നതും പതിവായിരിക്കുകയാണ്.നിര്‍മിച്ച ഫെന്‍സിംഗ് പുഴയോരം ചേര്ത്തിടാത്തതിനാല് ആനകള്‍ സ്ഥിരം തകര്‍ക്കുകയാണ്. രാഷ്ട്രീയ കിസാന്‍ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരാണ് മുഴുവന്‍ തുകയും അനുവദിച്ചത്. എറണാകുളം ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നടത്തിപ്പ് ചുമതല. എറണാകുളം ജില്ലാ പഞ്ചായത്തതാണ് നോഡല്‍ ഓഫീസ്. ഒരുകോടി രൂപയോളം മുടക്കി ആരംഭിച്ച് പാതിപോലും പൂര്‍ത്തീകരിക്കാതെ നിലച്ച ഈ ഫെന്‍സിംഗ് നിര്‍മാണ പദ്ധതിക്ക് ഇപ്പോള്‍ ഉത്തരവാദികള്‍ ആരുമില്ല.
പൊതുവഴിയോരമടക്കം വിസ്ത ക്ലിയറന്‍സ് നടത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ ഫോറസ്റ്റ് അധികാരികള്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ച് പ്രതിരോധ സംവിധാനം ഒരുക്കി ആകെ നാല് സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള പുന്നേക്കാട് പ്ലാന്റേഷനില്‍നിന്നും ആനകളെ തുരത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഫാര്‍മേഴ്സ് അവയര്‍നെസ് റിവൈവല്‍ മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ബിനു വത്സന് ആവശ്യപ്പെട്ടു.



















































