കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും വ്യാപാര സ്ഥാപന ഉടമകളുടേയും പ്രദേശവാസികളുടെയും ആശങ്കകളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രൂപീകരിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ പൊതുയോഗം നെല്ലിക്കുഴി കനാല്‍പ്പാലം, സെന്‍ഹാ അരീന കണ്വെന്ഷന് സെന്ററില്‍ നടന്നു.
ആലുവ, പുളിഞ്ചോട്ടില്‍ നിന്ന് ആരംഭിച്ച് മൂന്നാറിലേക്ക് പോകുന്ന ഈ നിര്‍ദ്ദിഷ്ട നാലുവരിപ്പാത കോതമംഗലം അരമനപ്പടിയിലാണ് അവസാനിക്കുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ അലൈന്മെന്റ്, കൃത്യമായി നടത്തപ്പെടാത്ത സാമൂഹ്യാഘാത പഠനം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ഭൂഉടമകളുടേയും വ്യാപാര സ്ഥാപന ഉടമകളുടേയും അവകാശ സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ ആണ് നിര്‍ദ്ദിഷ്ട പാത ഉയര്‍ത്തുന്നത്.
അശാസ്ത്രീയതകള്‍ പരിഹരിച്ച ശേഷമേ റോഡ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാവൂവെന്നും, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സുതാര്യത പാലിക്കണമെന്നും ഭൂഉടമകളുടെയും, വ്യാപാരികളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ടി. ജെ. ജോര്‍ജ് ചെയര്‍മാനായും, റിസ്വാന് കോയ ജനറല്‍ സെക്രട്ടറിയായും, അഡ്വ. ജോസ് വര്‍ഗീസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.






















































