കോതമംഗലം: ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. അസ്സാം ചിരാങ്ങ് ബിജനി ബോക് ത്തോ റായ് (27), പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി വാടക്കുപ്പനവടലി ഗവാസ്കര്‍ (32) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 ന് രാത്രിയില്‍ തങ്കളം ഭാഗത്തുള്ള ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിന്നും എര്‍ത്തിംഗിനായി ഉപയോഗിക്കുന്ന 164 കിലോ ചെമ്പ് പട്ടകള് ആണ് മോഷ്ടിച്ചത്.
ബോക് ത്തോ റായ്യും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് മോഷണം നടത്തിയത്. പെരുമ്പാവൂര്‍ ഭാഗത്തുള്ള ആക്രി കടയില്‍ മോഷണ മുതലുകള്‍ വാങ്ങിയ ആളാണ് ഗവാസ്കര്‍. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാര്‍, എസ് ഐ മാരായ എല്‍ദോ പോള്‍, അജികുമാര്‍, എസ് സി പി ഓമാരായ ഫൈസല്‍, സുഭാഷ് ചന്ദ്രന്, സിപിഒ റിജേഷ് മാത്യു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.






















































