കോതമംഗലം :ആയുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട്ടിൽ നിന്നും പരസഹായത്തോടെ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തങ്കമണി എന്ന 53 കാരിക്ക് കരച്ചിലടക്കാനായില്ല. മൂന്ന് പെൺമക്കളും ഉപേക്ഷിച്ചതോടെ പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരുന്ന കുന്നത്തുനാട് പഞ്ചായത്തിൽ ഏഴാം വാർഡിൽ പട്ടിമറ്റം ടൗണിന് സമീപം ഒറ്റക്ക് താമസിക്കുന്ന തങ്കമണിക്കാണ് കോതമംഗലം പീസ് വാലി തുണയയത്. കടുത്ത പ്രമേഹത്തെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റി കാലുകളും കൈയും നീര് വെച്ച് വീർത്ത ദയനീയ അവസ്ഥയിലാണ് തങ്കമണി കഴിഞ്ഞിരുന്നത്.
വിവാഹിതരായ രണ്ടു പെൺമക്കളും അവിവാഹിതയായ മകളും അമ്മയെ സംരക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ
അയൽവാസികളാണ് നാളുകളായി ഭക്ഷണവും മറ്റും നൽകിയിരുന്നത്. തങ്കമണിയുടെ ദയനീയവസ്ഥക്ക് പരിഹാരം തേടി വാർഡ് അംഗവും അയൽവാസികളും പോലീസിൽ പരാതി നൽകിയെങ്കിലും അമ്മയെ സംരക്ഷിക്കാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു മൂന്ന് പെൺമക്കളും. പഞ്ചായത്ത് അധികൃതരാണ് തങ്കമണിയുടെ ദയനീയവസ്ഥ പീസ് വാലിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മുവാറ്റുപുഴ ആർ ഡി ഒ യെ വിവരം അറിയിച്ച പീസ് വാലി അധികൃതർ അദ്ദേഹത്തിന്റെ സാനിധ്യത്തിലാണ് തങ്കമണിയെ ഏറ്റെടുത്തത്.
അമ്മയെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർ ഡി ഒ പറഞ്ഞു. നെല്ലിക്കുഴിയിലെ പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് തങ്കമണിക്ക് അഭയം നൽകിയിരിക്കുന്നത്.