കോതമംഗലം: കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായി എംഎൽഎ ഷിബു തെക്കുംപുറത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി. യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ജനവിധി നേടിയ ഷിബു തെക്കുംപുറമാണ് ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനെന്ന് യോഗം ഏകകണ്ഠമായി വിലയിരുത്തി. നിലവിൽ എറണാകുളം യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ കൺവീനറായ അദ്ദേഹം മുന്നണി പ്രവർത്തനങ്ങളിലെ സംഘാടന മികവും നേതൃത്വപാടവവും കൊണ്ട് ശ്രദ്ധേയനാണ്. വിവിധ ഘടകകക്ഷികൾ തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കി യു.ഡി.എഫിന്റെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന വിശ്വാസവും യോഗം പ്രകടിപ്പിച്ചു.
പുതിയ നേതൃത്വത്തിന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാനാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പുതിയ ചുമതല വിജയകരമായി നിർവഹിക്കാൻ എല്ലാ ഘടകകക്ഷികളുടെയും പ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കുമെന്നും ഷിബു തെക്കുംപുറം എം.എൽ.എ പ്രതികരിച്ചു.



















































