കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ് മലയാളവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി “പലമ – ഒത്തു പാടൽ” അഖില കേരള നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കേരളത്തിൻ്റെ തനതു വാദ്യങ്ങളും, പാട്ടുകളുമായി വിവിധ കലാലയങ്ങളിൽനിന്നുള്ള 60 വിദ്യാത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവും കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ടുപുരയുടെ ഡയറക്ടറുമായ പ്രശാന്ത് പങ്കൻ, കേരള സംസ്ഥാന ഫോക്‌ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവ് രാജി വി ബി , ഗ്രാമീണർ ഫോക് ആർട്ട് ആൻ്റ് ക്രാഫ്റ്റ് ഗ്രൂപ്പ് കോ-ഓർഡിനേറ്ററായ വിഷ്ണു അശോകൻ എന്നിവർ മത്സരത്തിൻ്റെ വിധികർത്താക്കളായി.
എറണാകുളം മഹാരാജാസ് (ഓട്ടോണമസ്)കോളേജ് ഒന്നാം സ്ഥാനം നേടി.കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജ് രണ്ടാം സ്ഥാനം നേടി. ശ്രീശങ്കര കോളേജ്,കാലടി,സനാതന ധർമ്മ കോളേജ്, ആലപ്പുഴ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
സമാപനയോഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമിന് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് നൽകി. മലയാളവിഭാഗത്തിലെ അധ്യാപകരായ ഡോ. ആശാ മത്തായി, ഡോ.സീന ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
ചിത്രം : 1.രണ്ടാം സ്ഥാനം നേടിയ കോതമംഗലം എം. എ. കോളേജ് ടീം
2.ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് ടീം