കോതമംഗലം : കോതമംഗലം തങ്കളത്തെ കള്ളുഷാപ്പിൽനിന്നു വിദ്യാർഥികൾ യൂണിഫോമിൽ ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതിനെ തുടർന്നു വിവാദത്തിലായ തങ്കളം ബൈപാസിലെ ഷാപ്പിന്റെയും ഈ ലൈസൻസിയുടെ തന്നെ കീഴിലുള്ള കോതമംഗലം റേഞ്ച് ഗ്രൂപ്പ് രണ്ടിലെ മറ്റു 4 ഷാപ്പുകളുടെയും ലൈസൻസ് എക്സൈസ് കമ്മിഷണർ എസ്.അനന്തകൃഷ്ണൻ സസ്പെൻഡ് ചെയ്തു.
തങ്കളത്തെ ഷാപ്പിനോടനുബന്ധിച്ച ‘മാന്തോപ്പ്’ ഹോട്ടലും എക്സൈസ് പൂട്ടിച്ചു. കോതമംഗലം ടൗൺ, രാമല്ലൂർ, കൊവേന്തപ്പടി, ചേലാട് എന്നിവയാണു താൽക്കാലികമായി സസ്പെൻഡ് ചെയ്ത മറ്റു ഷാപ്പുകൾ. വിൽപനക്കാരൻ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യാക്കോസ്, ലൈസൻസി തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ബിൻസുവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.