Connect with us

Hi, what are you looking for?

NEWS

പ്രൊഫ. സി എൻ ആർ റാവുവിന് 2023-ലെ എം പി വർഗീസ് അവാർഡ് നൽകി ആദരിച്ചു

ബാംഗ്ലൂർ/കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്‌സ് ഫോർ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റൈറ്റ് ( OFFER ) സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ പ്രൊഫ.എം. പി വർഗീസ് അവാർഡ് ഭാരതരത്ന അവാർഡ് ജേതാവും പ്രശസ്ത ഇന്ത്യൻ രസതന്ത്രജ്ഞനുമായ പ്രൊഫ.സി ​​എൻ ആർ റാവുവിന് സമ്മാനിച്ചു. ഇന്ത്യയിൽ ശാസ്ത്ര വിദ്യാഭ്യാസവും, ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം പ്രൊഫ. സി എൻ ആർ റാവുവിന് നൽകിയത്. 6-7 -2023 വ്യാഴം രാവിലെ 10.30 ന് ബാംഗ്ലൂർ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ വച്ചു നടന്ന ചടങ്ങിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ചെയർമാൻ അഭിവന്ദ്യ ഡോ.മാത്യുസ് മാർ അപ്രേം പ്രശസ്തി പത്രം നൽകി.

മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് സമ്മാനദാനവും നിർവഹിച്ചു. സെമിനാർ ഹോളിൽ ചേർന്ന പ്രൗഢമായ പുരസ്കാരദാനയോഗത്തിന് മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ചെയർമാൻ അഭിവന്ദ്യ ഡോ.മാത്യുസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് സ്വാഗതവും, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ കൃതജ്ഞതയും രേഖപ്പെടുത്തി. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റേയും ഓഫർ (OFFER) സംഘടനയുടെയും പ്രതിനിധികൾ, പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 84 സർവ്വകലാശാലകളിൽനിന്ന് ഓണററി ഡോക്ടറേറ്റ് സി എൻ ആർ റാവു (ചിന്താമണി നാഗേശ രാമചന്ദ്ര റാവു ) എന്ന ഇന്ത്യൻ രസതന്ത്ര ശാസ്ത്രജ്ഞന് ലഭിച്ചിട്ടുണ്ട്. മാർലോ മെഡൽ, ശാന്തി സ്വരൂപ് ഭട്‌നാഗർ പ്രൈസ്, സയൻസ് ആൻഡ് ടെക്‌നോളജി, ഹ്യൂസ് മെഡൽ, ഇന്ത്യാ സയൻസ് അവാർഡ്, ഡാൻ ഡേവിഡ് പ്രൈസ്, റോയൽ മെഡൽ, വോൺ ഹിപ്പൽ അവാർഡ്, ഇഎൻഐ അവാർഡ് എന്നിവയുൾപ്പെടെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര പുരസ്‌കാരങ്ങളും ബഹുമതികളും റാവുവിന് ലഭിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ, പത്മവിഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. 2013 നവംബർ 16-ന്, ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് തെരഞ്ഞെടുത്തു, സി.വി.രാമനും എ.പി.ജെ. അബ്ദുൾ കലാമിനും ശേഷം ഇങ്ങനെ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മൂന്നാമത്തെ ശാസ്ത്രജ്ഞനായി. മെറ്റൽ ഓക്സൈഡുകളുടെ പരിണാമത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഗവേഷണം രസതന്ത്ര ലോകത്ത് വിപ്ലവകരമായ ഗവേഷണ സാധ്യതകൾ തുറന്നു . രാജ്യത്തെ ശാസ്ത്ര നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ശാസ്ത്രത്തോടുള്ള അഭിനിവേശം ഭാവി തലമുറകൾക്ക് അത് പകർന്നു നൽകുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ നിരവധി പേർക്ക് പിന്നീട് പ്രചോദനമായി.

മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിംഗ്, മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂൾ , അടിമാലി ബസേലിയോസ് കോളേജ് എന്നീ മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് (29 ജൂൺ 2022)അദ്ദേഹത്തിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ഏർപ്പെടുത്തിയതാണ് എം.പി. വർഗീസ് പുരസ്കാരം. സാമൂഹ്യപ്രവർത്തകൻ, അധ്യാപകൻ, ധനതത്വവിദഗ്ധൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
പ്രൊഫ. എം.പി. വർഗീസ് ഒക്സ്ഫോഡിലെ സർ റോയ് ഹാരോഡിന്റെ കീഴിലാണ് ധനതത്വശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയത്. ധനതത്വശാസ്ത്രസംബന്ധിയായ വിഷയങ്ങൾക്കു പുറമേ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിലും ആധികാരിക പഠന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. എ ക്രിട്ടിസിസം ഓഫ് കെയ്ൻസ് ജെനറൽ തിയറി (2001), ദ തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത് (2000), എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം (1999), ദ ലോ ഓഫ് ലാന്റ് അക്വിസിഷൻ ആന്റ് കോംപൻസേഷൻ – എ ക്രിട്ടിസിസം (1999) എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യ പൂർണ്ണമായ കർമ്മമേഖല വെളിപ്പെടുത്തുന്ന രചനകളാണ്.
ദേശീയ തലത്തിൽ ശ്രദ്‌ധേയമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വർഷംതോറും പുരസ്കാരം നൽകുന്നത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം.പി വർഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് നൽകിയിരുന്നു.

ചിത്രം : ഇടത് നിന്ന് എം. പി. വർഗീസ് ജൂനിയർ, ഡോ. വിന്നി വർഗീസ്, പ്രൊഫ. സി എൻ ആർ റാവു, ഡോ. ഇന്ദുമതി റാവു,ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപോലീത്ത.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...