കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ മൈലൂര്‍ത്തടത്ത് പഞ്ചായത്ത് അനുമതി പോലുമില്ലാതെ ജനവാസമേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃതകള്ള്ഷാപ്പ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മൈലൂര്‍ത്തടം ജനകീയകൂട്ടായ്മ 25 ദിവസമായി നടത്തി വരുന്ന സമരത്തിന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയും, മദ്യവിരുദ്ധ ഏകോപനസമിതി താലൂക്ക് സമിതിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമിതി ഭാരവാഹികൾ സ്ഥലത്തെത്തി സമരത്തിൽ പങ്കുചേർന്നു.
90 വയസ്സ് പ്രായമുള്ള മംഗലത്ത് അയ്യപ്പനെ തെറ്റിദ്ധരിച്ച് ഇദ്ദേഹത്തിന്‍റെ കാലപ്പഴക്കം ചെന്ന വീട് താമസത്തിനെന്ന പേരിൽ വാടകക്കെടുത്താണ്
ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. കള്ള് ഷാപ്പിന് ആവശ്യമായ തെങ്ങോ പനയോ പ്രദേശത്ത് ചെത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് തുടങ്ങുന്ന ഷാപ്പ് നാട്ടുകാരുടെ സമാധാനജീവിതത്തിന് തടസ്സം സൃഷ്ടിക്കുമെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വഴി നടക്കുവാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാല്‍ ഷാപ്പ് നിര്‍ത്തലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്മ സമരംകേരള മദ്യ വിരുദ്ധ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും കെ.സി.ബിസി. മദ്യ-ലഹരി വിരുദ്ധസമിതി രൂപത പ്രസിഡന്‍റുമായ ജെയിംസ് കോറമ്പേല്‍ ഉദ്ഘാടനം ചെയ്തു. ജനനല്‍ കണ്‍വീനര്‍ സനല്‍ രാജു അദ്ധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജിജു വര്‍ഗീസ്, സാബു കുരിശിങ്കല്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, ജോണ്‍ തോമസ്, ബിന്ദു ഷാജു, ബിജി സല്‍ജു, ബിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



















































