കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി. കൃഷിനാശവുമുണ്ട്.
ഇലക്‌ട്രിക് ലൈൻ പൊട്ടിയും പോസ്‌റ്റ് ഒടിഞ്ഞും മേഖലയിലെങ്ങുമുണ്ടായ വൈദ്യുതി തടസ്സം രാത്രി വൈകിയും പുനഃസ്‌ഥാപിക്കാനായിട്ടില്ല. നെല്ലിമറ്റം-വാളാച്ചിറ റോഡിൽ ചിറമേൽ സജിയുടെ വീടിനു മുൻപിലേക്കും റോഡിലേക്കും മരങ്ങൾ കടപുഴകി വീണു. ചിറമേൽ തോമസിന്റെ തൊഴുത്തിലേക്കു മരം ഒടിഞ്ഞുവീണു. വാളാച്ചിറ കീപ്പുറത്ത് അലിയുടെ പുരയിടത്തിൽ നിന്ന മരം വീണു.
തേക്കുമരം വീണ് കുടയ്ക്കാട്ട് ഇബ്രാഹിമിൻ്റെ മതിലും ഗേറ്റും തകർന്നു. കുറുങ്കുളം ക്ഷേത്രത്തിനു സമീപം റോഡിൽ മരംവീണു ഗതാഗത തടസ്സമുണ്ടായി. നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ മുകൾനിലയിലെ ഹാളിന് കാറ്റിൽ കേടുപാട് സംഭവിച്ചു.




















































