കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ച് രോഗങ്ങളുടെ വ്യാപനം കുറയ്ക്കുകയും, പാലിയേറ്റീവ് പരിചരണം ഉൾപ്പെടെയുള്ള ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു. കോതമംഗലത്തെ രോഗരഹിത മണ്ഡലമാക്കി മാറ്റുന്നതിനും ദീർഘായുസ്സും ആരോഗ്യകരമായ ജീവിതവും ഉറപ്പാക്കുന്ന ബ്ലൂ സോൺ മാതൃകയിലേക്ക് മണ്ഡലത്തെ ഉയർത്തുന്നതിനുമായി ആരോഗ്യ ബോധവത്കരണം, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ, ജീവിതശൈലി മെച്ചപ്പെടുത്തൽ പദ്ധതികൾ എന്നിവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രസ്റ്റ് നടപ്പാക്കിയ സേവന-കാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജെയ്‌സ് ജോബി അവതരിപ്പിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എം. കെ. സുകു, സി. കെ. സത്യൻ, കെ. പി. കുര്യാക്കോസ്, ബിജി ഷിബു എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റ് ഭാരവാഹികളായി ഷിബു തെക്കുംപുറം എംഎൽഎ- പ്രസിഡൻ്റ്, സണ്ണി വർക്കി- സെക്രട്ടറി, മിനി എൽദോസ് – വൈസ് പ്രസിഡൻ്റ്, മാത്തുക്കുട്ടി പീച്ചാട്ട് – ജോയിന്റ് സെക്രട്ടറി, എൽദോസ് ചോലാട്ട് – ട്രഷറർ , എൽസി എൽദോ, ജിജി എളൂർ, ജോർജ് മങ്ങാട്ട്, ബീന ഷാജി, വിൽസൺ തോമസ്, സുകു മഞ്ഞിനാകുടി, ജെയിംസ് അറമ്പൻകുടി, എം. എം. അബ്ദുൾ റഹ്മാൻ, രാജീവ് പല്ലാരിമംഗലം എന്നിരെ ബോർഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.



















































