കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥീതികരിക്കുകയും ഒൻപതാം വാർഡ് കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പല്ലാരിമംഗലം സി എച്ച് സിയിൽ വച്ച് ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പഞ്ചായത്തിൽ ആകെ ജാഗ്രതാ നടപടികൾ തുടരും,കണ്ടയ്ൻമെൻ്റ് സോണിൽ പ്രവേശനം ഒരു വഴിയിൽ കൂടി മാത്രമായിരിക്കും,ഈ വഴി പോലീസ് നിരീക്ഷണത്തിലാക്കും,ഈ വഴിയിൽ കൂടി അവശ്യ സേവന സർവ്വീസ് മാത്രമേ അനുവദിക്കൂ.കണ്ടയ്മെന്റ് സോണിൽ അവശ്യ സേവനങ്ങൾക്കുള്ള കടകൾ മാത്രമേ തുറക്കൂ,ഈ കടകൾ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ,കണ്ടയ്ൻമെൻ്റ് സോണിൽ ആശാ വർക്കർമാരേയും,സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോണ്സ് ടീം പ്രവർത്തിക്കും.
പല്ലാരിമംഗലം പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയാക്കും.ജനങ്ങൾ കവലകളിലും,വ്യാപാര സ്ഥാപനങ്ങളിലും കൂട്ടം കൂടുവാൻ അനുവദിക്കില്ല,മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസറും പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള രജിസ്റ്ററും കരുതണം.മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും,പ്രദേശത്താകെ മൈക്ക് അനൗൺസ്മെന്റ് വഴി ആവശ്യമായ പ്രചരണം നടത്തുവാനും യോഗത്തിൽ തീരുമാനമായി.
അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,പോത്താനിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ മാനുവൽ,മെഡിക്കൽ ഓഫീസർ ഡോക്ടർ ആശിഷ് ബി,പഞ്ചായത്ത് സെക്രട്ടറി റെജിമോൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബാസ്,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി എം സിദ്ധിഖ്,വാർഡ് മെമ്പർ റ്റി എം അമീൻ തുടങ്ങിയവർ പങ്കെടുത്തു.