പെരുമ്പാവൂര്‍ : വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഡേകെയര്‍ സംവിധാനം ജനുവരി ഒന്നിനകം ആരംഭിക്കാന്‍ ധാരണയായി. വ്യവസായ സ്ഥാപനങ്ങളോടുചേര്‍ന്ന് പ്രത്യേകമായി മുറി സജ്ജമാക്കി കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനും അതോടൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന വിധത്തിലാണ് ഇവ സജ്ജീകരിക്കേണ്ടത്. 19ന് പ്ലൈവുഡ് ഫാക്ടറിയില്‍ മാതാപിതാക്കളോടൊപ്പം എത്തിയ നാലുവയസ്സുകാരന്‍ യന്ത്രത്തില്‍ കുരുങ്ങി മരിച്ച സാഹചര്യത്തിലാണ് തീരുമാനം. കളക്ടര്‍ ജി പ്രിയങ്ക, ജില്ലാ ജഡ്ജി ആര്‍ രജിത, മനോജ് മൂത്തേടന്‍ എംഎല്‍എ, റൂറല്‍ ജില്ലാ പോലീസ് മേധാവി കെ സുദര്‍ശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വ്യവസായ സ്ഥാപനങ്ങളില്‍ അപകടങ്ങള്‍ ഇല്ലാതാക്കാനും കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനുമായിട്ടാണ് ഡേകെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. 50ല്‍ കൂടുതല്‍ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഡേകെയര്‍ നിര്‍ബന്ധമാക്കും. അതിനുതാഴെയുള്ള സ്ഥാപനങ്ങള്‍ സമീപത്തുള്ളവവയുമായി ചേര്‍ന്നും ഡേകെയര്‍ ആരംഭിക്കണം. തഹസില്‍ദാര്‍ എം മായ, ശിശുക്ഷേമ സമിതി ഭാരവാഹികള്‍, വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, സോമില്‍ ഓണേഴ്‌സ് സംഘടനാ ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



















































