കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും,ഇതര സംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള ക്വാറൻ്റയ്ൻ സെൻ്ററുകളിൽ പ്രവർത്തനം ആരംഭിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ മാർ ബസേലിയോസ് ഡെൻ്റൽ കോളേജിലെ ക്വാറൻ്റയ്ൻ കേന്ദ്രത്തിൽ നിലവിൽ 39 പേരാണുള്ളത്. തമിഴ്നാട്, കർണ്ണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയവരാണിവർ.75 റൂമുകൾ സജ്ജമാക്കിയിട്ടുള്ള ഇവിടെ ഇന്നലെ 52 പേർ ഉണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനത്തെ റെഡ് സോണിൽ ഉൾപ്പെടാത്തതും, വീടുകളിൽ സൗകര്യമുള്ളവരും,വീടുകളിൽ ക്വാറൻ്റയിനിൽ കഴിയാൻ സമ്മതമറിയിച്ചവരുമായ 13 പേർ വീടുകളിലേക്ക് മടങ്ങിയതോടെ നിലവിൽ 39 പേരാണ് ഇവിടെയുള്ളത്.
കൂടാതെ ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി,സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് എന്നീ രണ്ട് കേന്ദ്രങ്ങളാണ് ക്വാറ ന്റയിനു വേണ്ടി സജ്ജമാക്കിയിട്ടുള്ളത്.ഇതിൽ നിലവിൽ പ്രവർത്തനം ആരംഭിച്ച മാർ ബസോലിയോസ് ദന്തൽ കോളേജിൽ 75 റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടത്തെ റൂമുകൾ നിറയുന്നതിനെ തുടർന്നു വരുന്നവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് അയക്കും.
ആന്റണി ജോൺ എംഎൽഎ,ആർ ഡി ഒ സാബു കെ ഐസക്,തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,ക്വാറൻ്റയ്ൻ സെൻ്റർ നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ എൻ എസ് ശ്രീകുമാർ,കോതമംഗലം സിഐ റ്റി ഐ യൂനസ്,ചെറുവട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ സി പി എന്നിവരുടെ നേതൃത്വത്തിലാണ് മാർ ബസോലിയോസ് ദന്തൽ കോളേജ് ഹോസ്റ്റലിൽ ക്വാറൻ്റയ്ൻ സെന്റർ പ്രവർത്തിക്കുന്നത്.