പെരുമ്പാവൂര്‍: ചേലക്കുളത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂര്ജുല് ഇസ്ലാം (40), ഫെയ്ജുദ്ദീന് (24), മോഫിജുദ്ദീന് (22), ഗൂഢാലോചനയില്‍ പങ്കാളിയായ മായിന്‍ ഉദ്ദീന്‍ (41) എന്നിവരാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ചേലക്കുളം മനാഫിയ ജംഗ്ഷനിലെ വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ മൂന്നംഗ സംഘം ആക്രമിക്കുകയും നിലവിളിച്ചപ്പോള്‍ തോര്‍ത്ത് കൊണ്ട് വായ മൂടിക്കെട്ടി, തുണികൊണ്ട് കൈകള്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് വയോധിക ധരിച്ചിരുന്ന കമ്മലുകളും വളകളും മറ്റ് ആഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തി. ഇതിനിടെ അസമിലേക്ക് കടക്കുന്നതിനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചയോടെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സാഹസികമായാണ് കീഴടക്കിയത്. കവര്‍ന്ന സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
അട്ടപ്പാടിയില്‍ കശുവണ്ടി തോട്ടത്തില്‍ ജോലി ചെയ്തിരുന്ന നൂര്ജുല് ഇസ്ലാം, മോഷണത്തിനിടെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നു. 2025 ഓഗസ്റ്റ് 26-ന് ജാമ്യത്തിലിറങ്ങി ബംഗളൂരുവില്‍ ടൈല്‍ പണി ചെയ്തു വരികയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് കാവുങ്ങപ്പറമ്പിലുള്ള സഹോദരിയുടെ അടുത്തെത്തിയത്. ഫെയ്ജുദ്ദീന് കുന്നത്തുനാട് പോലീസ് സ്റ്റേഷന് പരിധിയിലും നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട്ടെത്തിയ പ്രതി പിന്നീട് എറണാകുളം പട്ടിമറ്റത്തും ചേലക്കുളത്തും ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പ് കുമ്മനോട് വാടക കെട്ടിടത്തില്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുറുപ്പംപടി വേങ്ങൂരില്‍ താമസിച്ച് പൈനാപ്പിള്‍ കൃഷിപ്പണി ചെയ്തു വരികയായിരുന്നു.
പെരുമ്പാവൂര്‍ ഡിവൈഎസ്പി സി. ബിനുകുമാര്‍, കുന്നത്തുനാട് സിഐ ടി. ദിലീഷ്, എസ്ഐമാരായ എം. അഭിജിത്, സി.ഒ സജീവ്, എഎസ്ഐമാരായ മുരളീധരന്, പി.എ അബ്ദുല്‍ മനാഫ്, ചന്ദ്രബോസ്, അനില്‍കുമാര്‍, വര്‍ഗീസ് ഉതുപ്പ്, നാദിര്‍ഷ, സീനിയര്‍ സിപിഒമാരായ ബെന്നി ഐസക്, സിറാജ്, സിപിഒമാരായ ബിബിന്‍ രാജ് എന്നിവരാണ് അന്വേക്ഷണസംഘത്തിലുണ്ടായിരുന്നത്.



















































