കോതമംഗലം:സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി.എം. അബ്ദുള്‍ അസ്സിസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോതമംഗലം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ട സതീഷ് ഉദ്ഘാടനം ചെയ്തു.
അക്രമണം നടന്ന് ഒന്‍പത് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് സംഘചിപ്പിച്ചത്. 2026ഫെബ്രുവരി ഏഴിനാണ് സംഭവം. ആശുപത്രിവാസം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നയാളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ പ്രതികള്‍ മേതല പള്ളിപടിക്ക് സമീപം റോഡില്‍ വടം വലിച്ചു കെട്ടി വീഴ്ത്തി അബ്ദുള്‍ അസീസിനെ മര്‍ദിക്കുകയായിരുന്നു. ഇടതുമുന്നണി ഭരണ കാലത്ത് നടന്ന സംഭവത്തില്‍ വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി പ്രതികള്ഒളിവില് പോയതിനാല്‍ അറസ്റ്റ് നടന്നില്ല. ഭരണമാറ്റം വന്നതിന് ശേഷവും മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരുന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസിനെ ദുര്‍ബലപ്പെടുത്തുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. നേതാക്കളായ ആര് അനില്‍കുമാര്‍, മുന്‍ എംഎല്‍എ ആന്റണി ജോണ്‍ , കെ.എ ജോയി, സി.പി മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.






















































