കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ് കൗണ്‍സിലറായ ഈ വാര്‍ഡിലെ കൊള്ളിക്കാട്, ബൈപാസ് റോഡ്, ടി ബി കുന്ന് എന്നീ മേഖലകളിലെ റോഡുകളാണ് തകര്‍ന്നത്. എല്ലാ വാര്‍ഡുകളിലും അറ്റുകുറ്റപ്പണികള്‍ നടക്കുമ്പോള്‍ റോഡ് പണി നടത്താമെന്നാണ് കൗണ്‍സിലറുടെ നിലപാടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബൈപാസ് തുറന്നതോടെ നൂറ് കണക്കിന് സ്‌കൂള്‍ കുട്ടികളും, യാത്രക്കാരുമാണ് റോഡിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടങ്ങള്‍ പതിവാണ്. റോഡുകള്‍ തകര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശനിയാഴ്ച നഗരസഭയ്ക്ക് മുന്നില്‍ ജനകീയ ധര്‍ണയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കൗണ്‍സിലറുടെ നടപടിക്കെതിരെ സിപിഐഎം അങ്ങാടി ബ്രാഞ്ച് കമ്മിറ്റി നഗരസഭ ഉപരോധം, വഴി തടയല്‍ എന്നിവയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്


















































