കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു. കോതമംഗലം ബ്ലോക്ക് പരിധിയിലെ വന്യജീവി ആക്രമണം കൂടുതലുള്ള പ്രദേശങ്ങളില്‍ ഫെന്‍സിംഗ് ട്രഞ്ചിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി തയ്യാറാക്കിയ 3.31 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍ കെ വി വൈ) 202526 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം ബ്ലോക്കില്‍ 21 കിലോമീറ്റര്‍ സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിങ്ങിനായി 187.83 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വന്യജീവി ശല്യം നേരിടുന്ന വനാതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. പെരിയാര്‍ കടന്നെത്തുന്ന ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ബോട്ട് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും അറിയിച്ചു. സൗരവേലി ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കുന്നതിലൂടെ മനുഷ്യവന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു.
കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കൈതക്കണ്ടം മുതല്‍ ആവോലിച്ചാല്‍ വരെ 15 കിലോമീറ്റര്‍ ഫെന്‍സിംഗിന് 132.44 ലക്ഷം രൂപയും ഇഞ്ചത്തൊട്ടി തൂക്കുപാലം മുതല്‍ ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം വരെ 3.5 കിലോമീറ്റര്‍ ഫെന്‍സിങ്ങിന് 34.28 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പരിധിയില്‍ കവളങ്ങാട് പഞ്ചായത്തിലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മണിയംപാറ മുതല്‍ ചെമ്പന്‍കുഴി വരെ 2.5 കിലോമീറ്റര്‍ ഫെന്‍സിംഗിന് 21.11 ലക്ഷം രൂപയും അനുവദിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഖേന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സമര്‍പ്പിച്ച പദ്ധതി ജില്ലാ തല മോണിറ്ററിംഗ് സമിതി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. പദ്ധതിക്കായി അനുവദിച്ച തുക എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോതമംഗലം, മൂന്നാര്‍ ഡിഎഫ്ഒമാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ് ഫെന്‍സിംഗ് നിര്‍മിക്കുന്നത്.




















































