കോതമംഗലം: സമൂഹമധ്യമത്തിലൂടെയും മറ്റും അപമാനിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു. പിണ്ടി മനയിൽ നിർദ്ധന കുടുംബത്തിൻ്റെവീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിച്ചെന്ന പേരിൽ മാസങ്ങളായി ഒരു ഓൺലൈൻ ചാനൽ ആക്ഷേപം ഉന്നയിച്ചു വരികയാണ്.
നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കുന്നതിന് കോതമംഗലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ജെസി സാജു വ്യക്തമാക്കി.വീട് നിർമ്മാണത്തിനായി സഹായ സമിധി രൂപികരിക്കുകയോ പണം പിരിക്കുകയോ ചെയ്തിട്ടില്ല.
വീട് നിർമ്മാണത്തിനായി ക്യാപിറ്റൽ ഫിൻ സെർവിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ഗുണഭോക്താവ് അപ്പുക്കുട്ടൻ്റെയും ഫിൻ സെർവിൻ്റെ പ്രതിനിധി സജി കെ.മാത്യുവിൻ്റെയും പേരിൽ ജോയൻ്റ് അക്കൗണ്ടായി ഫെഡറൽ ബാങ്ക് കോതമംഗലം ശാഖയിൽ നിക്ഷേപിച്ചിട്ടുള്ളതാണ്. സ്ഥലത്തിൻ്റെ രേഖകൾ ശരിയാക്കി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതെ വരികയായിരുന്നു. രാഷ്ടീയ എതിരാളികളും മറ്റ് ചിലരും പാവപ്പെട്ട ഇവരെ മുന്നിൽ നിർത്തി സമൂഹമധ്യത്തിൽ തന്നെ താറടിച്ചു കാണിക്കുക എന്ന ലക്ഷ്യത്തിലാണ് സമര പരിപാടികളുമായി രംഗത്ത് വന്നിരിക്കുന്നത്.
പാവപ്പെട്ട ഒരു കുടുംബത്തിന് വീട് ലഭിക്കുക എന്ന ലക്ഷ്യത്തിൽ പൊതുപ്രവർത്തക എന്ന നിലയിൽ ഇടപെടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ബ്ലോക്ക് പ്രസിഡൻ്റ് വ്യക്തമാക്കി.


















































