കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിന്റെ ഡിസൈൻ പേറ്റന്റ് ലഭിച്ചു.
കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളായിരുന്ന ബേസിൽ ജോയ്, കാതലിൻ മറിയം പോൾ, ജോസിയ ജേക്കബ്,എ.എസ് അൽഫാസ് എന്നിവർ ചേർന്നാണ് ഈ നൂതന ഉപകരണം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. അസോസിയേറ്റ് പ്രൊഫസർ ഡോ. തോമസ് ജോർജിന്റെ മാർഗനിർദേശത്തിലാണ് പ്രോജക്ട് പൂർത്തിയാക്കിയത്.
പെട്രോൾ, ഡീസൽ എന്നിവയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഗ്രാസ് കട്ടറുകൾ സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളലും ശബ്ദമലിനീകരണവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് യന്ത്രം വികസിപ്പിച്ചിരിക്കുന്നത്. മെഷീനിന്റെ ചലനത്തിനായി 24 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉയർന്ന ടോർക്ക് ഗിയർ മോട്ടോറുകളും പുല്ല് മുറിക്കുന്നതിനായി 20 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബ്രഷ്ലെസ് മോട്ടോറുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വൈദ്യുത സംവിധാനങ്ങളും വേർതിരിച്ച് ക്രമീകരിച്ചിരിക്കുന്നത് പ്രവർത്തനത്തിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നു.
വയർലെസ് റിമോട്ട് കൺട്രോൾ സംവിധാനത്തിലൂടെ ഉപയോക്താവിന് സുരക്ഷിതമായ അകലത്തിൽനിന്ന് മെഷീൻ നിയന്ത്രിക്കാനാകും. മൈക്രോകൺട്രോളർ അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. മനുഷ്യാധ്വാനം കുറയ്ക്കുന്നതിനൊപ്പം അപകടസാധ്യതകളും പരിമിതപ്പെടുത്താൻ സാധിക്കുന്നു.വിവിധ മേഖലകളിൽ ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിലാണ് ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ പ്രവർത്തനച്ചെലവ്, പരിപാലനത്തിലെ ലാളിത്യം, പരിസ്ഥിതി സൗഹൃദ പ്രവർത്തനം എന്നിവയാണ് പ്രധാന സവിശേഷതകൾ.
വിദ്യാർത്ഥികളുടെ സാങ്കേതിക മികവിനും ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ ഡിസൈൻ പേറ്റന്റ്. ക്യാമ്പസിലെ പഠനപ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തിന് പ്രയോജനകരമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള എംബിറ്റ്സിൻ്റെ ശ്രമങ്ങൾക്ക് ഈ നേട്ടം കൂടുതൽ പ്രചോദനമാകുമെന്ന് കോളേജ് അധികൃതർ പറഞ്ഞു.





















































