കോതമംഗലം : നഗരസഭയിലെ 14, 15 വാർഡുകളിലൂടെയുള്ള മാരമംഗലം ഗവ. എൽപി സ്‌കൂൾ-സെന്റ് ജോർജ് ചർച്ച് റോഡിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞ് അപകടാവസ്‌ഥയിൽ. പാലത്തിന്റെ അടിക്കെട്ട് ഇളകിയും ടാറിംഗ് വിണ്ടുകീറി റോഡ് താഴ്ന്നും ദുരിതത്തിലാണ്. ഒരുമാസമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നും സ്വീകരിച്ചില്ല. വലിയ വാഹനങ്ങൾ പോയാൽ റോഡ് പൂർണമായും ഇടിഞ്ഞു കനാലിൽ പതിക്കുന്ന അവസ്ഥയിലാണ്. പാലത്തിലൂടെയുള്ള വാട്ടർ അതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടി ഒരുവർഷത്തോളം ഇവിടെ വെള്ളം ചോർന്നിരുന്നു. ഇങ്ങനെയാണു പാലത്തിന്റെ അടിക്കെട്ടിനു തകർച്ചയുണ്ടായത്. ഇപ്പോൾ പൈപ്പ് ചോർച്ച പരിഹരിച്ചെങ്കിലും പാലത്തിൻ്റെയും റോഡിൻ്റെയും ഇടിച്ചിൽ വർധിക്കുകയാണ്. സമീപത്തുതന്നെ റോഡ് കുഴിയായി വഴിയാത്ര മുടക്കി ചെളിവെള്ളം കെട്ടിക്കിടന്നിട്ടും പരിഹാരമുണ്ടായിട്ടില്ല. മാരമംഗലം സ്‌കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡും പാലവുമാണ് അപകടഭീഷണിയിലായത്.



















































