കവളങ്ങാട്: കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതല്‍ പോര്‍ക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയില്‍ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇതുമൂലം പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുകയും കാലവര്‍ഷത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. തുരുത്തുകള്മൂലം പുഴയില്‍ പലയിടത്തും വലിയ കയങ്ങളും രൂപപ്പെട്ടു. ചെക്ക്ഡാമിനുസമീപം കുളിക്കാനിറങ്ങിയ ഒട്ടേറെ പേര് അപകടത്തില്‍പ്പെട്ടിരുന്നു. മുങ്ങിമരണങ്ങളുമുണ്ടായി.
തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓപ്പറേഷന് വാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരുത്തുകള്‍ നീക്കംചെയ്യാന്‍ അനുമതി നല്‍കിയത്. ടെന്‍ഡര്‍നടപടികള്‍ ജലസേചനവകുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, മഴക്കാലമായതോടെ പണികള്‍ ആരംഭിക്കാനായില്ല. പുഴയിലെ ജലനിരപ്പ് താഴ്ന്നാലുടന്‍ പ്രവൃത്തികള്‍ തുടങ്ങും. ജില്ലയില്‍ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും അവയുടെ കൈവഴികളിലെയും എക്കലും മണലും നീക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് വാഹിനി.



















































