കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. മലയോര ജനതയെയും കർഷകരെയും നിരന്തരമായ ഭീതിയിലും ആശങ്കയിലുമാഴ്ത്തുന്ന അശാസ്ത്രീയമായ നിലപാടുകൾ തിരുത്തപ്പെടണമെന്നും ബിഷപ്പ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പേരിൽ തലമുറകളായി മണ്ണിൽ അധ്വാനിച്ചു ജീവിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കലിന്റെയും കടുത്ത നിയന്ത്രണങ്ങളുടെയും നിഴലിൽ നിർത്തുന്നത് കടുത്ത അനീതിയാണ്. മനുഷ്യനെ വിസ്മരിച്ചുകൊണ്ടുള്ള ഒരു പരിസ്ഥിതി വാദവും പ്രായോഗികമല്ല.
വില്ലേജുകളെ മൊത്തമായി പരിസ്ഥിതി അടക്കമുള്ള ലോല പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരം, ജനവാസ മേഖലകൾ, കൃഷിഭൂമി, തോട്ടങ്ങൾ, കവലകൾ, വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൊതുസ്ഥാപനങ്ങൾ എന്നിവയെ പൂർണ്ണമായി ഒഴിവാക്കി യഥാർത്ഥ വനഭൂമി മാത്രം ഉൾപ്പെടുത്തി കൃത്യമായ അതിർത്തികൾ നിശ്ചയിക്കണം. ഉപജീവനത്തിനും ഭൂമിയുടെ ഉടമസ്ഥാവകാശത്തിനും മേലുള്ള നിയന്ത്രണങ്ങൾ കർഷകന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണ്.
ഉപഗ്രഹ സർവേകളിലെ പിഴവുകൾ പരിഹരിച്ച്, ഗ്രൗണ്ട് റിയാലിറ്റി പരിശോധിച്ച് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഭൂപടങ്ങൾ കേന്ദ്രം പൂർണ്ണമായി അംഗീകരിക്കണം. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ആത്മാർത്ഥമായ സമീപനം ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു.




















































