കോതമംഗലം: ശബരിമല തീർഥാടനത്തിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുത്തുകുഴി–പരീക്കണ്ണി–തേൻകോട്–ഉപ്പുകുഴി റോഡ് നവീകരിക്കുന്നതിന് 8 കോടി രൂപ അനുവദിച്ചു. ശബരിമല ഫെസ്റ്റിവൽ 2026–27 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.
കുത്തുകുഴി മുതൽ ഉപ്പുകുഴി വരെയുള്ള 6.5 കിലോമീറ്റർ റോഡിന്റെ നവീകരണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ രേഖയിൽ മേജർ ഡിസ്ട്രിക്ക് റോഡ്വി ഭാഗത്തിൽ ഉൾപ്പെടുന്ന റോഡായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല തീർഥാടന കാലത്ത് കോതമംഗലം മേഖലയിലൂടെ സഞ്ചരിക്കുന്ന തീർഥാടകർക്ക് കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം പ്രദേശവാസികൾക്കും പദ്ധതി പ്രയോജനപ്പെടും. റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതോടെ ഗതാഗതസൗകര്യവും സുരക്ഷയും വർധിക്കും.
ഷിബു തെക്കുംപുറം എംഎൽഎയുടെ ഇടപെടലുകളുടെ ഭാഗമായി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട റോഡ് നവീകരണത്തിന് ആവശ്യമായ നടപടികൾ മുന്നോട്ടുപോയതോടെയാണ് പദ്ധതി അനുവദിച്ചത്. തീർഥാടന കാലയളവിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു.




















































