പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്നേഹഭവന് റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പെട്രോള്‍ ഒഴിച്ച ജിഷ്ണു (31) നും പൊള്ളലേറ്റിട്ടുണ്ട്. വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുണ്‍ ഇന്നലെ ജിഷ്ണുവിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഈ സമയം ഫോണ്‍ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ മോശമായി സംസാരിച്ചു എന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് നിഗമനം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് ജിഷ്ണു കൃത്യം നടത്തിയത്. പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















































