കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം പ്രായമുള്ള വളര്‍ത്തുനായകുട്ടിയെയാണ് കടിച്ചു കൊന്നത്.
നായയുടെ കഴുത്തിനാണ് കടിയേറ്റത്. കാട്ടുപൂച്ചയുടെ കടിയേറ്റാണ് നായകുട്ടി ചത്തതെന്ന് കോടനാട് അഭയാരണ്യം ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ. ബിനോയ് സി. ബാബു നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് വനം അധികൃതര്‍ പറഞ്ഞു. മേയ്ക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് പ്രദേശവാസികള്‍ ശബ്ദംകേട്ടിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് നായ കഴുത്തിന് പരിക്കേറ്റ് പറമ്പില്‍ ചത്തുകിടക്കുന്നത് കണ്ടത്.





















































