കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട് ദിവസത്തെ സമരം ഇന്നും തുടരും. വാര്‍ഡിലും സമീപപ്രദേശങ്ങളിലും ഒരു മാസത്തോളമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം നേരിടുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തരകമ്മിറ്റി വിളിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണനേതൃത്വം നിരാകരിച്ചവെന്നും എംഎല്‍എ അവഗണന പുലര്‍ത്തുന്നുവെന്നും പ്രിന്‍സ് ജോണ്‍ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് ആവശ്യം.
അതേസമയം പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, ഭൂതത്താന്‍കെട്ട്, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രിയും കാട്ടാനശല്യമുണ്ടായി. സ്ഥിരം സാന്നിദ്ധ്യമായ പിടിയാനയെ കരിമ്പാനി വനത്തിലേക്ക് തുരത്താനുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ പേരില്‍ വനപാലകര്‍ നിരീഷണം നടത്തുന്നതിനിടെയാണ് പലഭാഗങ്ങളിലും ആനകളിറങ്ങുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വേട്ടാമ്പാറയിലെ ജനവാസമേഖലയില്‍ പിടിയാന ഇറങ്ങിയിരുന്നു.























































