കോതമംഗലം: കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം വരുന്നു. ട്രാഫിക് പോലീസിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായത്. രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച നടപടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കോതമംഗലം-പെരുമ്പാവൂര്‍ റോഡും തങ്കളം-കോഴിപ്പിള്ളി ബൈപ്പാസും തങ്കളം-വിമലഗിരി ബൈപ്പാസ്, നാലുവരിപ്പാത എന്നിവയുടെ കവാടവും സന്ധിക്കുന്ന ജംഗ്ഷനാണിത്. വളരെ തിരക്കേറിയ ജംഗ്ഷനില്‍ വാഹനങ്ങള്‍ തോന്നുംപടിയാണ് മറികടക്കുന്നത്.
ഗതാഗതക്കുരുക്കും പതിവാണ്. കാല്‍നടക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്. വാഹനങ്ങളുടെ കൂട്ടിയിടിയും പതിവാണ്. ട്രാഫിക് പോലീസിനെ സ്ഥിരമായി നിയോഗിച്ച് ഗതാഗത നിയന്ത്രണം സാധ്യമായിരുന്നില്ല. ഇടക്കെത്തുന്ന പോലീസിന്റെ സേവനം കാര്യമായ ഗുണം ചെയ്തിരുന്നില്ല. ഈ പ്രശ്നങ്ങള്‍ക്ക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പരിഹാരമാകുമെന്നായിരുന്നു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പോലീസ് തുടര്‍ നടപടി ആരംഭിച്ചത്. വിദഗ്ദ്ധപഠനത്തിനുശേഷമാണ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ട സ്പോട്ട് പോലീസ് നിശ്ചയിച്ചത്.



















































