കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തെ അഭിവൃദ്ധിയിലേക്കുയര്‍ത്താന്‍ കെല്‍പ്പുള്ള ടൂറിസം മേഖലയ്ക്ക് തികഞ്ഞ അവഗണന. പെരിയാറും മലനിരകളും വനങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ടൂറിസം വകുപ്പിനോ ഡി.ടി.പി.സിക്കോ താത്പര്യമില്ലെന്ന് മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. ഭൂതത്താന്‍കെട്ട് മാത്രമാണ് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ചെറുതായെങ്കിലും വളര്‍ച്ച നേടിയത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനുപോലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.
ജലവിഭവ വകുപ്പിന്റെയും വനംവകുപ്പിന്റെയും അധീനതയിലുള്ളതാണ് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം. ഡാം ഉള്‍പ്പടെയുള്ള ഏറെഭാഗത്തും ജലവിഭവ വകുപ്പിനാണ് നിയന്ത്രണം. പഴയ ഭൂതത്താന്‍കെട്ട് എന്നറിയപ്പെടുന്ന ഭാഗമാണ് വനംവകുപ്പിന്റെ അധീനതയിലുള്ളത്. പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ലഭ്യമായ സൗകര്യങ്ങള്‍ പോലും പ്രയോജനപ്പെടുത്താതെ നശിക്കുകയാണ്. ബോട്ട് സര്‍വ്വീസുകളുടെ കാര്യത്തിലുള്‍പ്പടെ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുന്നതാണ് സമീപ വര്‍ഷങ്ങളിലെ അവസ്ഥ. ഇറിഗേഷന്‍ ടൂറിസം പദ്ധതിക്കായി ഒന്നര വര്‍ഷം മുമ്പ് സ്വകാര്യകമ്പനിയുമായി ലീസ് കരാര്‍ ഉണ്ടാക്കിയെങ്കിലും പ്രാവര്‍ത്തികമായില്ല. ആരോപണങ്ങളിലും നിയമപോരാട്ടങ്ങളിലും അകപ്പെട്ടിരിക്കുകയാണ് ഈ നടപടി. ഫലം, കഴിഞ്ഞ രണ്ട് സീസണിലും സഞ്ചാരികള്‍ കുറഞ്ഞ് തിരിച്ചടിയായി.
ടൂറിസ്റ്റുകളെ വലിയതോതില്‍ ആകര്‍ഷിക്കാന്‍ കഴിയുന്നവയിലൊന്നാണ് ഇടമലയാര്‍ ഡാം. എന്നാല്‍, ഇവിടേക്ക് ആളുകളെ കടത്തിവിടില്ല. സുരക്ഷയുടെ പേരിലാണ് വിലക്ക്. ഇടുക്കി ഡാമില്‍ എന്നതുപോലെ പ്രത്യേക കാലയളവില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഇടമലയാറിന് ഗുണകരമാകും. ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയിലും പുറത്തും പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. വനംവകുപ്പിന്റെ നിഷേധാത്മക നിലപാടും ഇടമലയാര്‍ ഇക്കോ ടൂറിസം പദ്ധതിക്ക് വിലങ്ങുതടിയായി മാറിയിട്ടുണ്ട്.




















































