കോതമംഗലം: ജനങ്ങളോട് നേരിട്ട് നന്ദി പങ്കുവെക്കുകയും മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത് ഷിബു തെക്കുംപുറം നടത്തിയ മണ്ഡല പര്യടനം സമാപിച്ചു. കോതമംഗലം ഈസ്റ്റ് മണ്ഡലം, പിണ്ടിമന, വടാട്ടുപാറ മേഖലകളിലായി നടന്ന വിവിധ സ്വീകരണ പരിപാടികളോടെയാണ് പര്യടനത്തിന് സമാപനമായത്.ജനങ്ങൾ നൽകിയ പിന്തുണയും വിശ്വാസവും വികസന പ്രവർത്തനങ്ങളിലൂടെ തിരിച്ചടയ്ക്കാനാണ് ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനും, ചേലാട് ഇന്റർനാഷണൽ സ്റ്റേഡിയം പദ്ധതിക്ക് വേഗം നൽകുന്നതിനും ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോതമംഗലം ടൗൺ ഹാൾ നവീകരണവും വികസനവും മുൻഗണനാപൂർവ്വം പരിഗണിക്കുമെന്നും, ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട വികസന സാധ്യതകൾ പ്രായോഗികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി നേരിട്ട് ഇടപെട്ട് ഓരോ പ്രദേശങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുൻസിപ്പൽ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ബാബു ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പ്രിൻസ് വർക്കി, എൽദോസ് ബേബി, മാത്യു ജോസഫ്, എൻ സി ചെറിയാൻ, ബിജു വെട്ടിക്കുഴ, സജി തെക്കേക്കര, മണ്ഡലം പ്രസിഡന്റ്‌മാരായ സണ്ണി വർഗീസ്, മത്തായി കോട്ടക്കുന്നേൽ, ജോൺസൺ കാച്ചാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ്‌മാർ, മുൻസിപ്പൽ കൗൺസിലേഴ്‌സ്, വാർഡ് മെമ്പർമാർ തുടങ്ങി നിരവധി യുഡിഎഫ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.




















































