കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഷാൻ അൻസിലിനെ ഫോണിൽ വിളിച്ചു ചോദിച്ചു.
ഇതിൽ പ്രകോപിതനായ പ്രതി ഷാനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ജീപ്പിലെത്തിയ പ്രതികൾ കയ്യിൽ കരുതിയിരുന്ന ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അൻസിലിന് കോതമംഗലം ഊന്നുകൽ സ്റ്റേഷനുകളിലായി 6 കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ ഷാജു, എസ്.ഐമാരായ ബൈജു പി. ബാബു, ഹരിപ്രസാദ് ,പി.വി എൽദോസ് , റെക്സ് പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.