കൊച്ചി : കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് മെസ്സിയുടെ ചിത്രം തീർത്തു. മതിലകം മതിൽ മൂലയിലുള്ള കായിക വസ്തുക്കൾ വിൽക്കുന്ന പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തിൽ അർജെന്റിനയുടെ ഫുട്ബോൾ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ചിത്രം നിർമിച്ചിരിക്കുന്നത്. പ്ലെ ഗെയിംസ്ന്റെ ഉടമ അഷറഫ് പടിയത്തിന്റെ സഹകരത്തോടെ ഫുട്ബോളും, ജഴ്സിയും, ബൂട്ടും തുടങ്ങിയ നിരവധി കായിക ഉപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്.
100 മീഡിയങ്ങളിൽ ചിത്രങ്ങളും, ശില്പങ്ങളും തീർക്കുന്നതിന്റെ ഭാഗമായി ഡാവിഞ്ചി സുരേഷിന്റെ എഴുപതാമത്തെ മീഡിയമാണ് സ്പോർട്സ് ഐറ്റംസ്. ചുമരിലും തറയിലുമായി എട്ടു മണിക്കൂർ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. തൃമാന ചിത്രം വരയ്ക്കുന്ന രീതിയിൽ വിസ്തീർണ വ്യത്യാസം വരുത്തിയ ഈ ചിത്രം പ്രത്യേകമായ ഒരു വ്യൂ പോയിന്റിൽ ക്യാമറയിലൂടെ നോക്കുമ്പോഴാണ് ചിത്രത്തിന് പൂർണത കൈവരുന്നതെന്ന് ഡാവിഞ്ചി പറഞ്ഞു.
ക്യാമറമെൻ സിമ്പാദിനൊപ്പം സഹായികളായി രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. കായിക സാമഗ്രികളുടെ കളര്‍ അനുസരിച്ച് ചിത്രത്തിന്റെ കളര്‍ ടോണിനു മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ പെയിന്റിംഗ് പോലെ കളര്‍ഫുള്‍ ആണ് ഈ മെസ്സി ചിത്രം.