കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കനാല്വാച്ചര്മാര്മാരുടെ താമസ സ്ഥലമായിരുന്നു മുമ്പിത്. വര്‍ഷങ്ങളായി ഉപേഷിക്കപ്പെട്ടനിലയിലാണ്. അറ്റകുറ്റപണിയും നടത്തിയിട്ടില്ല. ഇപ്പോള്‍ കെട്ടിടം തകര്‍ന്നുവീഴാവുന്ന നിലയിലാണ്. മേല്‍ക്കൂര ഇടിഞ്ഞുവീണ് തുടങ്ങി.
മഴവെള്ളമിറങ്ങി ഭിത്തികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പരിസരം നിറയെ കാട് മൂടി. കെട്ടിടത്തിനുള്ളിലേക്കും മുകളിലേക്കുമെല്ലാം കാട് പടർന്ന് കയറിയിട്ടുണ്ട്. കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. അപകടങ്ങൾക്കും സാധ്യതയുണ്ട്. പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ നിത്യേന ഇതുവഴി കടന്നുപോകുന്നതാണ്. എന്നിട്ടും തിരിഞ്ഞുനോക്കാന്‍ തയ്യാറാകുന്നില്ല. അറ്റകുറ്റപണി നടത്തി സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



















































