കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026 മാർച്ച് 14 ന് സംസ്ഥാന റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കുന്നതിനുള്ളപൊന്നും വില ആഫീസുകൾ പുനരാരംഭിച്ചിട്ടില്ല.
ഇതുപോലെ 2019 ൽ ഭൂമി ഏറ്റെടുക്കൽ നിയമം 2013 പ്രകാരം 11(1) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നും പദ്ധതി ചിലവ് പങ്കിടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരുമായുണ്ടായ തർക്കങ്ങളെ തുടർന്നും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർണ്ണമായി സ്തംഭിച്ചതോടെ ഈ വിജ്ഞാ പനം റദ്ദു ചെയ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പുണ്ടായതോടെ 2026 ജാനുവരിയിലാണ് കേന്ദ്ര സർക്കാർ മരവിപ്പിക്കൽ നടപടി റദ്ദു ചെയ്തത്.
ഇനിയും വീണ്ടുമൊരു മരവിപ്പിക്കൽ നടപടി ഉണ്ടാകാനിടയുണ്ടോയെന്ന കടുത്ത ആശങ്കയിലും മാനസിക സമ്മർദ്ദത്തിലുമാണ് നിർദ്ധനരായ ശബരി ഭൂവുടകളെന്ന് സമരസമിതി കൺവീനർ ഗോപാലൻ വെണ്ടുവഴി പറഞ്ഞു. അതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി തുടർ നടപടികൾ പുനരാരംഭിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.























































